ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഞായറാഴ്ച ബിജ്‌നോറിലെത്തിയാണു പ്രിയങ്ക രണ്ടു പേരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ചത്. പ്രദേശത്തെ ജനങ്ങളുമായി അവര്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം ഏറ്റവും രൂക്ഷമായി നടക്കുന്ന യുപിയിലെ ഇടങ്ങളിലൊന്നാണു ബിജ്‌നോര്‍. പ്രക്ഷോഭകര്‍ പോലീസിനുനേരെ കല്ലും ചുടുകട്ടകളും എറിഞ്ഞിരുന്നു. ഏതാനും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെയാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പ്രിയങ്കയുടെ അപ്രതീക്ഷിത യുപി സന്ദര്‍ശനം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയെന്നാണു കണക്ക്. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 18 പേര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.