ഗോവ: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ സംഘര്‍ഷം. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഗോവ കലാ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കേണ്ട ദ ഗില്‍റ്റി എന്ന സിനിമയ്ക്ക് ടിക്കറ്റെടുത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവരെ അകത്ത് കയറ്റിവിടാനായി സംഘാടകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ക്യൂവില്‍ നിന്നിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ഗോവ എന്റര്ടെയ്ന്മെന്റ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും മേളയുടെ പ്രധാന സംഘാടകരിലൊരാളുമായ രാജേന്ദ്ര തലാഖ് പ്രതിഷേധിച്ച മലയാളികള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. വൈകി വന്നവരെ മാത്രമാണ് കയറ്റി വിടാത്തത് എന്നായിരുന്നു രാജേന്ദ്ര തലാഖ് സംഭവ സ്ഥലത്ത് എത്തിയ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ആ വാദം തെറ്റാണെന്നും ടിക്കറ്റുമായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നവരെ പരിഗണിക്കാതെയാണ് പുറത്തുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കിയതെന്നും മലയാളി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി. ഇതോടെയായിരുന്നു മലയാളികളുടെ നേരെ ഇയാള്‍ തിരിഞ്ഞത്. ‘നിങ്ങള്‍ കേരളത്തില്‍ നിന്ന് വന്നവരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ നിന്ന് വന്നവര്‍ കേരളത്തിലേക്ക് തന്നെ തിരിച്ചുപോയ്ക്കോളൂ. ഇവിടെ കാര്യമില്ല. കേരളത്തില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ മതി നിങ്ങളുടെ നിയമം ‘- എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.
മലയാളികള്‍ മടങ്ങിപ്പോകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മലയാളികളായ പ്രേക്ഷകര്‍ ഗോവ പോലീസില്‍ വംശീയ അധിക്ഷേപത്തിന് പരാതി നല്‍കിയിട്ടുണ്ട്. നവംബര്‍ 20 നാണ് അന്താരാഷ്ട്ര ചലചിത്ര മേളയുടെ 49 ാമത് പതിപ്പിന് ഗോവയില്‍ തുടക്കമായത്.
Discussion about this post