ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.മോഡിയുടെ രാം ലീലാ മൈതാനിയിലെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടെതല്ല ഒരു ആര്‍എസ്എസ് പ്രചാരകന്റെതാണെന്ന് ആന്റണി വിമര്‍ശിച്ചു.
എരിതീയില്‍ എണ്ണയൊഴിക്കുകയാണ് മോഡി. രാംലീല മൈതാനിയില്‍ മോഡി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ആന്റണി പറഞ്ഞു. പൗരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണെന്ന് രാംലീല മൈതാനിയിലെ റാലിയില്‍ പങ്കെടുത്ത് മോഡി പറഞ്ഞിരുന്നു. രാംലീല മൈതാനിയില്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും മോഡി പറഞ്ഞു.
പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കാണ്. പൗരത്വ ഭേദഗതി അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും മോഡി പറഞ്ഞിരുന്നു.
Discussion about this post