പ്രതിഷേധക്കാർ അർബൻ നക്‌സലുകൾ; ഇന്ത്യയിലെ മുസ്ലീങ്ങൾ രാജ്യത്തിന്റെ മക്കൾ; വിരോധം എന്നോട് തീർക്കൂ, പാവപ്പെട്ട ജനങ്ങളെ വെറുതെ വിടൂ; ഒടുവിൽ മൗനം വെടിഞ്ഞ് നാടകീയ പ്രസംഗവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുമായി തെരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിനെത്തി നരേന്ദ്ര മോഡി. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണെന്ന് മോഡി പറഞ്ഞു. ഇവരെ ആരേയും പൗരത്വ നിയമഭേദഗതി ബാധിക്കില്ല. 130 കോടി വരുന്ന ഇന്ത്യൻ ജനതയെ ബാധിക്കുന്നതല്ല ഈ നിയമമെന്നും പ്രതിപക്ഷം നടത്തുന്നത് തെറ്റിദ്ധാരണ പരത്തുന്ന വ്യാജപ്രചാരണമാണെന്നും മോഡി ആരോപിച്ചു.
നേരത്തെ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരെ പുറത്താക്കണമെന്ന് വാദിച്ചവരാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെന്നും എന്നാൽ ഇപ്പോൾ നിലപാടിൽ നിന്നും മലക്കം മറിയുന്നു എന്നും മോഡി കുറ്റപ്പെടുത്തി.

രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് അർബൻ നക്‌സലുകളാണെന്നും മോഡി ആരോപിച്ചു. നേരത്തെ കർണാടക ബിജെപിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിഷേധത്തിനിടെ അറസ്റ്റിലായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ വിശേഷിപ്പിച്ചത് പോലും അർബൻ നക്‌സലെന്നായിരുന്നു.

പൗരത്വം കളയാനുള്ളതല്ല, പൗരത്വം നൽകാനുള്ളതാണ് ഈ നിയമമെന്നും മോഡി അവകാശപ്പെട്ടു. എന്നോടാണ് വിരോധമെങ്കിൽ എന്നോട് അത് തീർക്കൂ പാവപ്പെട്ട ജനങ്ങളെ വെറുതെ വിടൂവെന്നും സിനിമാസ്‌റ്റൈലിൽ മോഡി ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പാവപ്പെട്ട പോലീസുകാരെ ആക്രമിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.

ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും മുസ്ലിം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു എന്നും മോഡി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മോഡി റാലിയെ അഭിസംബോധന ചെയ്തത്.

പൊതുവേദിയിൽ കൃത്യമായി പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച് മോഡി പ്രസ്താവന നടത്തുന്നത് ഇതാദ്യമായാണ്. ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എങ്ങും തൊടാതെയുള്ള പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മാത്രമുള്ളതായിരുന്നു മോഡിയുടെ പ്രതികരണങ്ങൾ.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവർക്കു നിർമ്മിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്- മോഡി ചോദിക്കുന്നു

രാജ്യത്തെ എട്ടു കോടിയിലേറെ ജനങ്ങൾക്ക് പാചക വാതക കണക്ഷനുകൾ നൽകിയപ്പോൾ ആരോടും ഞങ്ങൾ മതം ചോദിച്ചില്ല. കോൺഗ്രസിനോടും അവർക്കൊപ്പമുള്ള മറ്റു പാർട്ടികളോടും എനിക്കൊന്നു മാത്രമാണു ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങളോട് നിങ്ങൾ നുണ പറയുന്നത്. എന്തുകൊണ്ടാണ് അവരെ പ്രകോപിപ്പിക്കുന്നത്? ഒരാളോടു പോലും മതം ചോദിക്കാതിരുന്നിട്ടും എന്തിനാണു ബിജെപിയെ എല്ലാവരും ചോദ്യം ചെയ്യുന്നതെന്നും മോഡി ചോദിച്ചു.

100 വർഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. ഇപ്പോൾ സമരത്തിനു പിന്തുണ നൽകുന്നവരെ രാജ്യം തിരസ്‌കരിച്ചതാണ്. അവരിപ്പോൾ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരുതരത്തിലും മതം നോക്കിയായിരിക്കില്ല നടപ്പാക്കുക. ഇന്ത്യയിലെ ഒരു പൗരനും അത്തരത്തിലൊരു പ്രശ്നമുണ്ടാകില്ലെന്നും മോഡി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

Exit mobile version