ബംഗളൂരു: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ബാര്‍ബര്‍ ഷോപ്പാണ് സുപ്രീം സലൂണ്‍. ഇവിടെ എത്തിയാല്‍ മുടിയും താടിയും വെട്ടി സുന്ദര കുട്ടപ്പനായി ഇറങ്ങാം, ഒപ്പം അറിവുകളും ഗ്രഹസ്തമാക്കാം. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന സുബ്രഹ്മണ്യനാണ് ഈ വ്യത്യസ്ത ബാര്‍ബര്‍ ഷോപ്പിന് ഉടമ. ഒരേ സമയം 50 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ലൈബ്രറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പല മഹത്തായ കൃതികളും ആ സലൂണിന്റെ ചുവരില്‍ ഇടം നേടിയിട്ടുണ്ട്. മുടിവെട്ടുക എന്ന വിരസമായ ഒരു കാര്യത്തെ രസകരമായ ഒരു വിനോദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സുബ്രഹ്മണ്യന് പറയുന്നത്. സുബ്രമണ്യം ഈ സ്ഥലം എഴുത്തും വായനയും ഇഷ്ടപ്പെടുന്നവര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നിരവധി പുസ്തകങ്ങളാണ് ഇവിടെ പ്രകാശനം ചെയ്തിരിക്കുന്നത്.
നിരവധി കവികളുടെ കവിതാ പാരായണങ്ങള്‍ക്കും സുപ്രീം സലൂണ്‍ വേദിയായിട്ടുണ്ട്. ഇതിനുപുറമെ പുസ്തകപരിചയം, കന്നഡയിലെ പ്രശസ്തരായ വ്യക്തികളുടെ ജന്മവാര്ഷികാഘോഷങ്ങള് എന്നിവയ്ക്കും ഈ സലൂണ്‍ സാക്ഷിയായിട്ടുണ്ട്. ബസവണ്ണയുടെ വചനങ്ങള്‍, ബുദ്ധനെയും അംബേദ്കറിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍, പി ലങ്കേഷിന്റെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പുറമെ വരുന്നവരെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കാനായി രണ്ട് ജീവനക്കാരും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ കടയെ ഒരു സാഹിത്യ ഇടമാക്കി മാറ്റാന്‍ പ്രചോദനമായത് അക്കാദമിക് വിദഗ്ദരായ ജിഎം ശ്രീനിവാസയ്യരും, എന്‍ നാഗപ്പയും, ദൊരൈരാജുമാണ് എന്ന് സുബ്രമണ്യം പറയുന്നു.
Discussion about this post