ലഖ്‌നൗ: യുപിയിലടക്കം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തെ പൗരന്മാരെ ഉപദേശിച്ചും നിയമ ഭേദഗതിയെ അനുകൂലിച്ചും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നുവെന്നാണ് യോഗിയുടെ അവകാശവാദം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനിടെയാണ് യോഗിയുടെ പ്രതികരണം.
മതനേതാക്കളും മറ്റ് നേതാക്കളും മുന്നോട്ട് വന്ന് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ വീണുപോകരുതെന്നും ജനങ്ങൾ നിയമം കൈയ്യിലെടുക്കരുതെന്നും യോഗി അഭ്യർത്ഥിച്ചു. പൗരത്വ നിയമ ഭേദഗതി ഓരോ ഇന്ത്യൻ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണ്. സർക്കാർ ആരോടും അനീതി പ്രവർത്തിക്കുന്നില്ലെന്നും യോഗി അവകാശപ്പെട്ടു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധം വർധിച്ചുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ വൻവില നൽകേണ്ടി വരുമെന്നും യോഗി സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Discussion about this post