ന്യൂഡൽഹി: പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെതിരെ ആരോപണവുമായി ഡൽഹി പോലീസ്. ചന്ദ്രശേഖർ ആസാദിനെ പിടികൂടിയത് ജുമാ മസ്ജിദിൽ ‘പ്രകോപനപരമായ’ പ്രസംഗം നടത്തിയതിനാണെന്ന് ഡൽഹി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു ശേഷം മസ്ജിദ് പരിസരത്ത് ആസാദ് നടത്തിയ പ്രസംഗത്തിനു ശേഷമാണ് ജനക്കൂട്ടം ഇന്ത്യാഗേറ്റിലേക്കു നീങ്ങിയതെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ പറയുന്നു.
ഇന്ത്യാഗേറ്റിലെത്തിയ ജനക്കൂട്ടത്തെ ബാരിക്കേഡ് കൊണ്ടു തടയുകയായിരുന്നു. അവരോട് പിരിഞ്ഞുപോകാൻ ലൗഡ് സ്പീക്കറിലൂടെ ആവശ്യപ്പെട്ടു. ജുമാ മസ്ജിദിലും സമാനമായി വിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് ചിലർ പിരിഞ്ഞുപോയി. ഏതാനും സമയം കഴിഞ്ഞപ്പോൾ വടക്കുകിഴക്കൻ ഡൽഹി മേഖലയിൽ നിന്ന് 4000-5000 പേരെങ്കിലും വരുന്നതായുള്ള വിവരം ലഭിച്ചു.
ഇതിന് ശേഷമാണ് ദരിയാഗഞ്ചിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ വൻ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഏകദേശം 8000-10,000 പേർ വരുമായിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു ജനക്കൂട്ടം. പോലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രതിഷേധം. കുറച്ചു കഴിഞ്ഞപ്പോൾ ജനക്കൂട്ടം പോലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പിരിച്ചുവിടാനാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധവുമായി ജന്തർ മന്തറിലേക്കു പോകാനായിരുന്നു ഇവരുടെ നീക്കം. അനധികൃതമായിട്ടായിരുന്നു ജനക്കൂട്ടം അവിടെ ഒത്തുചേർന്നതെന്നും ഏറ്റവും കുറവ് സേനയെയാണു ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഉപയോഗിച്ചതെന്നും ഡൽഹി പോലീസ് വിശദീകരിച്ചു.
Discussion about this post