മുംബൈ: പൗരത്വ ഭേദഗതി നിയമം പാസാക്കി ആഴ്ച പിന്നിട്ടിട്ടും രാജ്യത്ത് പ്രതിഷേധം നിലയ്ക്കുന്നില്ല. ഇപ്പോഴും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. രാജ്യത്തെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ഗാംഗുലയിയുടെ മകള്‍ സനാ ഗാംഗുലിയെ അഭിനന്ദിക്കുകയും ചെയ്തു.
മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ സ്വതന്ത്രമായി പ്രകാശിപ്പിക്കാനുള്ള അവകാശം നല്‍കാന്‍ സനയുടെ പിതാവും ബിസിസിഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി തയ്യാറാവണമെന്ന് നഗ്മ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ഗാംഗുലിയുടെ മകള്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പറ്റി പരാമര്‍ശിക്കുന്ന ഖുഷ്വന്ത് സിങ് എഴുതിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സനയുടെ പോസ്റ്റ്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നില്‍ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേള്‍ക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇതിനെയാണ് നടി നഗ്മ വിമര്‍ശിച്ചത്.