ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന റാലി ഇന്ന് രാംലീല മൈതാനിയില്‍ നടക്കും. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. രാംലീല മൈതാനിയിലും പരിസരത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭീകരാക്രമണത്തിനും മറ്റും സാധ്യതയേറെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയത്. രാംലീല മൈതാനിയിലും പരിസരപ്രദേശത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ ഒരുക്കിട്ടുണ്ട്. പ്രദേശത്തുകൂടി വ്യോമഗതാഗതവും നിരോധിച്ചു.
ലോക്കല്‍ പോലീസ്, ഡല്‍ഹി പോലീസ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. വ്യോമാക്രമണം ചെറുക്കാന്‍ ആന്റി-എയര്‍ക്രാഫ്റ്റ്, ആന്റി ഡ്രോണ്‍ സ്ക്വാഡ് എന്നിവയും ക്യാമ്പ് ചെയ്യുന്നു.
രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഓരോ വാഹനങ്ങളും കടത്തിവിടുക. മാത്രമല്ല, പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്നൈപര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ധന്യവാദ് റാലി എന്ന പേരിലാണ് ബിജെപി ഡല്‍ഹിയില്‍ ഞായറാഴ്ച റാലി സംഘടിപ്പിക്കുന്നത്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഏകദേശം രണ്ടുലക്ഷത്തോളം പേര് റാലിയില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ അനധികൃത കോളനികളിലെ 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാനുള്ള തീരുമാനത്തിന് നന്ദിസൂചകമായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍ അറിയിച്ചു.
Discussion about this post