പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; നാളെ രാജ്ഘട്ടില്‍ പ്രതിഷേധ സമരം നടത്തും, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും

ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെയാണ് പ്രതിഷേധ സമരം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ഈ സമരത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് വരെയാണ് പ്രതിഷേധ സമരം.

സമരത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. പ്രതിഷേധ സമരം ഇന്ന് നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമരത്തിന് ഇന്ന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചയിലേക്ക് സമരം മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ന് മോഡി പങ്കെടുക്കുന്ന റാലി ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോഡി വിശാല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അതേ സമയം റാലിയില്‍ മോഡിക്ക് നേരെ വധശ്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് റാലി നടക്കുന്ന രാംലീല മൈതാനിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

Exit mobile version