ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതിനാല്‍ അനുമതി ലഭിക്കാത്തതിനാലാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 8 മണി വരെയാണ് ധര്‍ണ. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.
പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയ്ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതോടെ, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് റാലിയ്ക്ക് അനുമതി നിഷേധിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നാളെ ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം.
രാജ്യത്ത് ഒന്നടങ്കം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ന്യായീകരിച്ച് രാജ്യവ്യാപക പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിയില്‍ ബിജെപിക്കുണ്ടായ തിരിച്ചടി മറികടക്കാന്‍, പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് ഡല്‍ഹിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ച യോഗത്തിലുണ്ടായ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തില്‍ ആയിരം റാലികള്‍, 250 വാര്‍ത്താസമ്മേളനങ്ങള്‍, പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണം തുടങ്ങിയവയാണ് ബിജെപിയുടെ തീരുമാനം.
Discussion about this post