ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം സമരം ചെയ്യുമ്പോൾ രാഹുൽ ഗാന്ധി ഇടയ്ക്ക് മാറി നിന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഏറെ നാളായി മാറി നിൽക്കുകയായിരുന്ന സോണിയ ഗാന്ധി പോലും പ്രതിഷേധ പ്രകടനങ്ങൾക്ക് സജീവമായി ഇറങ്ങിയപ്പോൾ രാഹുലിന്റെ അഭാവം ജനങ്ങളും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ രാഹുൽ സമരമുഖത്തേക്ക് എത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. രാഹുലിന്റെ പങ്കാളിത്തത്തോടെ നാളെ രാജ്ഘട്ടിൽ ആറ് മണിക്കൂർ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആരംഭിക്കുന്ന സമരത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും.
പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കും കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് കോർകമ്മിറ്റി യോഗം നിർദേശം നൽകിയിരുന്നു. അതേസമയം, സമരമുഖത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തുന്നത് കോൺഗ്രസിന് വലിയ ആത്മവിശ്വാസം പകരുമെന്ന് ഉറപ്പാണ്.
ഇതിനിടെ പ്രതിപക്ഷ പാർട്ടികൾക്കും നിയമത്തെ എതിർക്കുന്നവർക്കും മറുപടി നൽകാനും പൗരത്വ ഭേദഗതി ന്യായീകരിച്ച് രാജ്യവ്യാപക പ്രചാരണം നടത്താനും ബിജെപി തീരുമാനിച്ചിരിക്കുകയാണ്. പൗരത്വനിയമ ഭേദഗതിയിൽ ബിജെപിക്കുണ്ടായ തിരിച്ചടി മറികടക്കാനും എൻഡിഎ കക്ഷികളുടെ തന്നെ മുറുമുറുപ്പ് അവസാനിപ്പിക്കാനും ശക്തമായ പ്രചാരണത്തിനിറങ്ങാനാണ് ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ച യോഗത്തിലുണ്ടാക്കിയ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തിൽ ആയിരം റാലികൾ, 250 വാർത്താസമ്മേളനങ്ങൾ, പ്രാദേശിക മാധ്യമങ്ങളിൽ പരസ്യം, വീടുകയറിയുള്ള പ്രചാരണം തുടങ്ങിയവയാണ് ബിജെപിയുടെ തീരുമാനം.
Discussion about this post