പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ചടങ്ങിന് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കേണ്ട പരിപാടിക്കാണ് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

ജെയ്ഷ മുഹമ്മദ് ഭീകരരാണ് മോഡിയെ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം രഹസ്യാന്വേഷണ വിഭാഗം എസ്പിജിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷ ശക്തമാക്കുന്നതിനായി എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കി. നാളെ പരിപാടി നടക്കുന്ന രാംലീല മൈതാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.

നിയമവിധേയമാക്കപ്പെട്ട ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് നാളെ പ്രധാനമന്ത്രി രാംലീല മൈതാനത്തെത്തുന്നത്. അമ്പതിനായിരത്തിലേറെ ജനങ്ങള്‍ ഈ പരിപാടില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചടങ്ങിന്റെ വേദിയില്‍ യാതൊരു പ്രതിഷേധവും നടക്കാതിരിക്കാന്‍ വന്‍ സുരക്ഷാ വലയവും ഡല്‍ഹി പോലീസ് തീര്‍ക്കും.

Exit mobile version