മംഗളൂരു: മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംഘര്‍ഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവവും കര്‍ണാടക സര്‍ക്കാര്‍ അന്വേഷക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്‌സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ഏഷ്യാനെറ്റ് കാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില,24 ന്യൂസ് കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുകയായിരുന്നു.
അതേസമയം മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു. ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. നാളെ പകല്‍ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൂടി പങ്കെടുത്ത പോലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല.