ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും ചാനലുകള്‍ വിട്ടുനില്‍ക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്കി. നിലവില്‍ ഉള്ളടക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല പല ടെലിവിഷന്‍ ചാനലുകളിലെയും പരിപാടി നടക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും ഒരു വ്യക്തിയെയോ സംഘടനയെയോ അപകീര്‍ത്തിപ്പെടുത്തുന്നതോ വിമര്‍ശിക്കുന്നതോ അപഖ്യാതിയുണ്ടാക്കുന്നതോ ആയ പരിപാടികള്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. രാജ്യ വ്യാപകമായി പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. പത്തുദിവസത്തിനുള്ളില്‍ മന്ത്രാലയം പുറപ്പെടുവിക്കുന്ന രണ്ടാമത്തെ നിര്‍ദേശമാണിത്.
ഒരു കാരണവശാലും ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. കൂടാതെ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതോ ആയ പരിപാടികളില്‍ നിന്നും ചാനലുകള്‍ വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ നിയമപ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു.
Discussion about this post