ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 90 കോടി രൂപയുടെ നഷ്ടം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്.
പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആകെയുള്ള നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണ്.
പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നാശനഷ്ടം കിഴക്കന്‍ റെയില്‍വേയ്ക്കുണ്ടായി.
അതേസമയം, നിലവില്‍ ബംഗാളില്‍ സ്ഥിതിഗതികല്‍ ശാന്തമാണെന്നും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി. വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്.
Discussion about this post