മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഷൂവില്‍ ‘മുത്തമിട്ട്’ വൈഎസ്ആര്‍ എംപി; സംഭവം വാര്‍ത്താ സമ്മേളനത്തിനിടെ, വീഡിയോ

രാജ്യത്തിന്റെ പരമാധികാരത്തേയുംജനങ്ങളുടെ ജീവനേയും സ്വത്തിനേയും സംരക്ഷിക്കുന്നവരാണ് പോലീസുകാര്‍.

ഹൈദരാബാദ്: വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ ഷൂവില്‍ ചുംബിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ഗൊരാണ്ട്‌ല മാധവ്. ടിഡിപി അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍ പോലീസുകാരെ കൊണ്ട് തന്റെ ഷൂ നക്കിപ്പിക്കുമെന്ന ടിഡിപി നേതാവ് ജെസി ദിവാകര്‍ റെഡ്ഡിയുടെ വിവാദപ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധ സൂചകമായാണ് അദ്ദേഹം ഷൂവില്‍ ഉമ്മ വെച്ചത്. മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഷൂവില്‍ ആണ് ചുംബിച്ചത്.

ദിവാകര്‍ റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാദപ്രസ്താവനയില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചില്ലെങ്കില്‍ റെഡ്ഡിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് അസോസിയേഷന്‍ മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് റെഡ്ഡിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൂടിയായ മാധവ് പോലീസ് ഉദ്യോഗസ്ഥന്റെ ഷൂവില്‍ മുത്തമിട്ടത്.

റെഡ്ഡിയുടെ പരാമര്‍ശം അപലപനീയമാണ്. രാജ്യത്തിന്റെ പരമാധികാരത്തേയുംജനങ്ങളുടെ ജീവനേയും സ്വത്തിനേയും സംരക്ഷിക്കുന്നവരാണ് പോലീസുകാര്‍. അവര്‍ക്കെതിരെ ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. പ്രതിഷേധസൂചകമായി അനന്ത്പുരില്‍ ജോലിക്കിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഷൂ വൃത്തിയാക്കുകയും ചുംബിക്കുകയും ചെയ്യുന്നതായി മാധവ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് അനുവദിക്കുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് പോലീസ് സേവനത്തിലേക്ക് തിരിച്ചുപോവാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

Exit mobile version