ക്വലാലംപുര്‍: പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഈ നിയമം കാരണം ആളുകള്‍ മരിക്കുകയാണെന്ന് അദ്ദേഹം ക്വലാലംപുര്‍ ഉച്ചകോടിക്കിടെ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ എഴുപത് വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോള്‍ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു.
മതേതര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇപ്പോള്‍ ചില മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്താന്‍ നടപടിയെടുക്കുന്നതില്‍ താന്‍ ഖേദിക്കുന്നതായും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.
എന്നാല്‍, പൗരത്വനിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തെ ഒരു പൗരന്മാരെയും അത് ബാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ല. കൃത്യമായ കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഇക്കാര്യം മലേഷ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തെങ്ങും ആളി കത്തുകയാണ്. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സമരത്തിനിടെ ഇതുവരെ പത്തുപേര്‍ മരിണപ്പെട്ടു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യുപി., കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു.
Discussion about this post