ന്യൂഡല്‍ഹി: ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ വ്യാപക ആക്രമണം. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. ട്രാക്കില്‍ കയറി നിന്നാണ് പലയിടങ്ങളിലും പ്രതില്‍ഷേധങ്ങള്‍ നടക്കുന്നത്. ബന്ദ് പലേടത്തും അക്രമാസക്തമായി. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും നടക്കുകയാണ്.
ഗുജറാത്തിലും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഉത്തര്‍പ്രദേശില്‍ മാത്രം മരണം പതിനൊന്നായി. വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തര്‍പ്രദേശില്‍ 21 നഗരങ്ങളില്‍ നിരോഘനാജ്ഞ നിലവിലുണ്ട്. മീററ്റ് , അലിഗഡ് തുടങ്ങിയ ഇടങ്ങളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ യുപി മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉന്നത തല യോഗം ചേര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അക്രമങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നും യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ 50 ഇടത്താണ് നിരോധനാജ്ഞ നിലവിലുള്ളത്.