ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ മാത്രം ആറുപേരാണ് അക്രമണത്തില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇന്നും ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് അടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ലഖ്നൗവിലും മീററ്റിലും ബിജ്നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം നിരവധി പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പലയിടത്തും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. ബുലന്ത് ഷഹറില്‍ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും ചെയ്തിരുന്നു.
അതേസമയം ബീഹാറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആര്‍ജെഡി ആഹ്വാനം ചെയ്ത് ബന്ദ് ആരംഭിച്ചു. മധ്യപ്രദേശില്‍ അമ്പത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി പൊതുവെ ശാന്തമാണ്.
Discussion about this post