ബെംഗളൂരു: മോഷണ വിവരം പുറത്തുപറയാതിരിക്കാന്‍ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു. ബന്നാര്‍ഗട്ടയില്‍ താമസിക്കുന്ന മഞ്ജുളയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. മഞ്ജുളയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിന് പിന്നാലെ യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ വിവരങ്ങള്‍ ലഭിച്ചത്.
ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്നു ശങ്കറിനെ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ശങ്കറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. മഞ്ജുളയുടെ സുഹൃത്തും അകന്ന ബന്ധുവുമായ ചലുവസ്വാമി(44)യുമായി ചേര്‍ന്നാണ് മഞ്ജുള പദ്ധതി ആസൂത്രണം ചെയ്തത്.
ഇരുവരും ചേര്‍ന്ന് കുറച്ചുകാലങ്ങളായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കവര്‍ച്ചകള്‍ നടത്തിവരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രത്യേകിച്ച് പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു കവര്‍ച്ച. കവര്‍ച്ച മുതല്‍ കൊണ്ട് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു നടക്കുന്ന മഞ്ജുളയെ ഭര്‍ത്താവ് ചോദ്യം ചെയ്യുകയും പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ ഇത് വകവെക്കാതെ വീണ്ടും മോഷണം തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞത്. ഇതോടെ മഞ്ജുള പിന്നീട് ചലുവസ്വാമിയുമായി ചേര്‍ന്ന് ശങ്കറിനെ കൊല്ലാന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു.
സംഭവത്തില്‍ ശങ്കര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മഞ്ജുള, ചലുവസ്വാമി, മഞ്ജുനാഥ്, ഗണേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ മഞ്ജുളയും ചലുവസ്വാമിയും ചേര്‍ന്ന് കവര്‍ച്ച നടത്തിയ 7.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി.
Discussion about this post