ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമൊന്നടങ്കം ആളിക്കത്തുന്ന പ്രതിഷേധ സമരത്തിലെ പെണ്‍കരുത്ത് ശ്രദ്ധേയമാകുന്നു. യുവാക്കള്‍ക്കൊപ്പം എല്ലാ വേദികളിലും ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തി പെണ്‍പടയും ഒപ്പമുണ്ടായിരുന്നത് പ്രതിഷേധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ആദ്യഘട്ടത്തില്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പെണ്‍കുട്ടികളുടെ സാന്നിധ്യം രാജ്യമെങ്ങും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സഹപാഠികളെ മര്‍ദിക്കാനെത്തിയ പോലീസുകാര്‍ക്ക് മുന്നില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി തന്റേടത്തോടെ നിന്ന ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി ആയിഷ റെന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ഇന്നും പ്രചരിക്കുന്നു. ഇത് കൂടാതെ ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു), ഡല്‍ഹി സര്‍വകലാശാല, യുപിയിലെ അലിഗഢ് മുസ്ലിം സര്‍വകലാശാല തുടങ്ങി സമരം കത്തിജ്വലിച്ച പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയെല്ലാം പ്രതിഷേധ സമരത്തില്‍ മുന്‍പന്തിയില്‍ പെണ്പടയായിരുന്നു.
ജന്തര്‍മന്തറിലും കൂടാത ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട തുടങ്ങിയയിടങ്ങളിലെ സമരവേദികളിലേക്കെല്ലാം വിദ്യാര്‍ഥിനികളും യുവതികളും കൂട്ടമായെത്തി യുവാക്കള്‍ക്കൊപ്പം ഊര്‍ജസ്വലമായി പോരാടി. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമങ്ങള്ക്കുമുമ്പിലും തന്റേത്തോടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പെണ്‍കുട്ടികള്‍ മുന്‍കൈയെടുത്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരേ നടന്ന അക്രമാസക്തമായ സമരത്തിനിടെ പോലീസുകാര്‍ക്ക് ഏതാനും പെണ്‍കുട്ടികള്‍ റോസാപ്പൂക്കള്‍ നല്കിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Discussion about this post