മംഗളൂരു: മംഗളൂരുവിൽ ഉൾപ്പടെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. ഇതിനിടെ മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ മരിച്ചത് വലിയ ഞെട്ടലായിരിക്കുകയാണ്. ജീവനെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ. വെടിവെപ്പുണ്ടായതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് വടക്കൻ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പോലീസ് സുരക്ഷ കർശനമാക്കി.
കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിൽ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബംഗളൂരുവിൽ സമരം ചെയ്യുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പിൽ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലഖ്നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പോലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തങ്ങൾ ഉപയോഗിച്ചത് റബ്ബർ പെല്ലെറ്റാണെന്ന് കർണ്ണാടക പോലീസും വെടിവച്ചിട്ടില്ലെന്ന് യുപി പോലീസും പറഞ്ഞു. മംഗളൂരുവിൽ വെടിയേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post