ബംഗളൂരു: വിവാഹം ചെയ്യണമെങ്കില്‍ സ്ത്രീധനമായി ചോദിക്കുന്ന ഭൂമി നല്‍കണമെന്ന് കാമുകനും കുടുംബവും. നിരന്തര ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ബംഗളൂരുവില്‍ എംഎന്‍ ഹള്ളിയില്‍ താമസിക്കുന്ന എസ് സ്മിത എന്ന 24കാരിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതില്‍ കാമുകന്റെ പേര് 100 തവണയാണ് എഴുതിയിരിക്കുന്നത്.
സംഭവത്തില്‍ സ്മിതയുടെ കാമുകനായ പ്രഥമിന്റെയും മൂന്നു കുടുംബാംഗങ്ങളുടെയും പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വളരെക്കാലമായി അടുപ്പത്തിലായിരുന്ന ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സ്മിതയെ വിവാഹം കഴിക്കണമെങ്കില്‍ ബംഗളൂരുവിലും ചിക്കമംഗളൂരുവിലും രണ്ട് ഏക്കര്‍ ഭൂമി വാങ്ങി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരനായ പ്രഥം ആവശ്യപ്പെടുകയായിരുന്നു.
അപ്രതീക്ഷിതമായുള്ള പ്രഥമിന്റെ മനംമാറ്റത്തില്‍ തകര്‍ന്നുപോയ സ്മിത ഇക്കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും നിര്‍ധനകുടുംബമായതിനാല്‍ അവര്‍ നിസഹായരായിരുന്നു. വീണ്ടും പ്രഥമിന്റെ കുടുംബാംഗങ്ങളുമായി സ്മിതയുടെ അച്ഛന്‍ ശങ്കര ഗൗഡ ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും അവര്‍ ആവശ്യത്തില്‍ നിന്ന് പിന്മാറിയില്ല. ഒടുവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്ത്രീധനമായി ഭൂമി നല്‍കാന്‍ കഴിയില്ലെന്ന് സ്മിതയുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രഥം വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു.