ഹൈദരാബാദ്: തെലങ്കാന സൈബരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിലെ പ്രതികൾ മുമ്പും സമാനമായ രീതിയിൽ നിരവധി കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്ന് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ദിശ എന്ന യുവ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ലോറി തൊഴിലാളികളായ നാല് പ്രതികളേയും പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടെയായിരുന്നു പോലീസ് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത്. പോലീസ് ഏറ്റുമുട്ടലിൽ വധിക്കുന്നതിന് മുമ്പായി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കൊല്ലപ്പെട്ട പ്രതികൾ നേരത്തെയും ഇത്തരം കൊടും ക്രൂര കൃത്യങ്ങൾ നടത്തിയിരുന്നതായാണ് തെലങ്കാന പോലീസിനോട് കുറ്റസമ്മതം നടത്തിയത്. തെലങ്കാനയിലും കർണാടകയിലുമായി സമാനമായ രീതിയിൽ ഒമ്പത് സ്ത്രീകളെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയിരുന്നത്.
പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫും (26) സഹായിയായ ചിന്തകുന്ത ചെന്നകേശവലുവു(20)മാണ് ഇത്തരത്തിൽ കുറ്റ സമ്മതം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികൾ നാലുപേരും ചേർന്ന് തെലങ്കാനയിൽ വ്യത്യസ്തമായ മൂന്ന് കൊലുപാതകങ്ങളും തെലങ്കാന അതിർത്തിക്ക് സമീപത്ത് കർണാടകയിലുൾപ്പെട്ട പ്രദേശങ്ങളിലായി ആറ് കൊലപാതകങ്ങളും ചെയ്തുവെന്നാണ് വിവരം. പിടിയിലായ പ്രതികൾ സമാനമായ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ കല്ലുകൾ എത്തിക്കുന്ന ലോറിയിലെ തൊഴിലാളികളായിരുന്നു നാല് പ്രതികളും. ഇത്തരത്തിലുള്ള സഞ്ചാരത്തിനിടയിലാണ് പ്രതികൾ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കലായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ നവംബർ 27നായിരുന്നു യുവ വെറ്റിനറി ഡോക്ടർ തെലങ്കാനയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹം പാലത്തിന് താഴെ കമ്പിളിയിൽ പൊതിഞ്ഞ് കത്തിക്കുകയായിരുന്നു. കേസിൽ നാല് പ്രതികളേയും പോലീസ് പിടികൂടുകയും പിന്നാലെ തെളിവെടുപ്പിനിടെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.
Discussion about this post