ഇനിയാരും വീഴരുത്; പ്രധാനമന്ത്രി നരേന്ദ്ര മോഡി തട്ടിവീണ പടവുകള്‍ പൊളിച്ചു പണിയുന്നു

പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തില്‍ വ്യത്യാസമുണ്ട്

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി തട്ടിവീഴാനിടക്കിയ പടവുകള്‍ പൊളിച്ചു പണിയാന്‍ തീരുമാനം. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് ഇപ്പോള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനം എടുത്തിരിക്കുന്നത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് മോഡി തട്ടിവീഴാന്‍ കാരണമായതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മാണം.

പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തില്‍ വ്യത്യാസമുണ്ട്. നിരവധി പേര്‍ ഈ പടവിന്റെ നിര്‍മ്മാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം ബോബ്ഡെ പറയുന്നു. അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകള്‍.

നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇത്. എല്ലാ പടവുകള്‍ക്കും ഒരേ ഉയരംവരുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പടവുകള്‍ പൊളിച്ചുപണിയാന്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിക്കുമെന്ന് ബോബ്ഡെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോഴാണ് മോഡി അടല്‍ ഘട്ടിലെ പടവുകളില്‍ തട്ടിവീണത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അപകടം സംഭവിച്ചില്ല. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

Exit mobile version