ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയ്ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്. അവസാന വര്‍ഷ എല്‍എല്‍എം വിദ്യാര്‍ഥി മിന്‍ഹാജുദ്ദീന് ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മിന്ഹാജുദ്ദീന് ലൈബ്രറിയില്‍ പഠിക്കാനിരിക്കുന്ന സമയത്താണ് ഇരുപത്തഞ്ചിന് മുകളിലുള്ള പോലീസുകാര്‍ ഇരച്ചുകയറി ലാത്തികൊണ്ട് ക്രൂരമായി തല്ലിചതച്ചക്കുകയായിരുന്നു. അതി ക്രൂരമായാണ് പോലീസ് തല്ലിചതച്ചതെന്ന് മിന്‍ഹാജുദ്ദീന്‍ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.
വിദ്യാര്‍ഥികളെല്ലാവരും സ്വയം രക്ഷാര്‍ത്ഥം ഓടിയൊളിച്ചെന്നും താന്‍ വാഷ്‌റൂമില്‍ കയറി ഒളിക്കുകയായിരുന്നുവെന്നും മിന്‍ഹാജുദ്ദീന്‍ പറയുന്നു. വാഷ്‌റൂമില്‍ തൂവാലകൊണ്ട് മുഖം പൊത്തി ചുമരില്‍ ചാരിനില്‍ക്കുന്ന മിന്‍ഹാജുദ്ദീന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലൈബ്രറിക്ക് പുറത്തുള്ള ഹോസ്റ്റലിനകത്തേക്ക് എത്താന്‍ സഹപാഠിയായ ഒരാളാണ് സഹായത്തിന് എത്തിയതെന്നും മിന്‍ഹാജുദ്ദീന്‍ പറഞ്ഞു. ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് പിന്നീട് ആംബുലന്‍സ് ഏര്‍പ്പെടുത്തി തൊട്ടടുത്തുള്ള അല്‍ഷിഫ ആശുപത്രിയില്‍ എത്തിച്ചതെന്നും അവിടെനിന്നും എയിംസിലേക്ക് മാറ്റുകയാണുണ്ടായതെന്നും മിന്‍ഹാജുദ്ദീന്‍ പറഞ്ഞു.
ഇടതുകണ്ണിന്റെ കാഴ്ച്ചയാണ് തനിക്ക് നഷ്ടമായതെന്ന് മിന്‍ഹാജുദ്ദീന്‍ പറഞ്ഞു. തനിക്കുണ്ടായ ശാരീരികമായ നഷ്ടത്തില്‍ കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥി പറഞ്ഞു.
Discussion about this post