ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി. എൻആർസി ഇതുവരെ നിയമമായിട്ടില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റേയും ജനാധിപത്യ അവകാശമാണ്. ആർക്കും നമ്മെ അതിൽ നിന്ന് തടയാനാവില്ല. അതുപോലെ തന്നെ നിയന്ത്രണവിധേയമായി ഈ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഇമാം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പകരം പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെയാണ് നിയമം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് നിയമമാണ്. രണ്ടാമത്തെ പ്രഖ്യാപനം മാത്രമാണ് നിയമമായിട്ടില്ല. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന മുസ്ലിം അഭയാർഥികൾക്ക് മാത്രമേ ഇന്ത്യൻ പൗരത്വം ലഭിക്കാതിരിക്കുകയുള്ളൂ. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ യാതൊരു വിധേനെയും അത് ബാധിക്കില്ലെന്നും ബുഖാരി കൂട്ടിച്ചേർത്തു. അതേസമയം, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കത്തുകയാണ്.
Discussion about this post