ഗുവാഹത്തി: ആസാമിൽ ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷിയായ ആസാം ഗണ പരിഷത്ത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അസം ജനതയെ വഞ്ചിച്ചെന്ന് ആസാം ഗണ പരിഷത്ത് നേതാവും മുൻ ആസാം മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മഹന്ത. ബിജെപിയുമായുള്ള സഖ്യം ആസാം ഗണ പരിഷത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിമായി സഖ്യം ചേർന്നിട്ട് ആസാം ഗണ പരിഷത്തിന് ഗുണമുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളെക്കൂടി ഉൾക്കൊള്ളുന്ന പ്രാദേശിക വ്യക്തിത്വം പാർട്ടി നിലനിർത്തണമെന്നും പ്രഫുല്ലകുമാർ മഹന്ത ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിലപാട് എടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും പ്രഫുല്ലകുമാർ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോഡി പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇപ്പോൾ അവരെ സ്വാഗതം ചെയ്യുന്നു. മോഡിയും അമിത് ഷായും കൂടി ആസാം ജനതയെ വഞ്ചിച്ചു. ബില്ലിനെ പിന്തുണച്ച ആസാം ഗണ പരിഷത്ത് എംപിയുടെ നിലപാട് നിർഭാഗ്യകരമാണെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിഷേധമറിയിച്ചുള്ള ജനങ്ങളുടെ സമരങ്ങൾ ജനാധിപത്യപരമാകണമെന്നും സമരങ്ങൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും മഹന്ത വ്യക്തമാക്കി.
അതേസമയം, ഭരണകക്ഷിയായ ഗണ പരിഷത്ത് സഖ്യം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അധികാര കസേരയ്ക്കും ഭീഷണി ഉയർന്നിരിക്കുകയാണ്.
Discussion about this post