ന്യൂഡല്‍ഹി: ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം അഭിമുഖത്തില്‍ മോഡിയോട് നിസാര കാര്യങ്ങള്‍ ചോദിച്ചെന്ന് പറഞ്ഞ് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ഡല്‍ഹിയില്‍ ഒരു മാധ്യമ സ്ഥാപനം നടത്തിയ പരിപാടിക്കിടയിലാണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്.
‘കാര്യമായ ഗവേഷണങ്ങള്‍ നടത്താതെയായിരുന്നു അഭിമുഖം. മനസില്‍ വന്ന ചോദ്യമെല്ലാം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമാകണം അഭിമുഖം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഒന്നും തന്നെ ആരും മുന്‍കൂട്ടി പഠിപ്പിച്ചതല്ല. എന്നെ അഭിമുഖം ചെയ്തിട്ടുള്ള പലരും എന്റെ ഭക്ഷണ താല്‍പര്യങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ട്. അത്തരത്തിലാണ് ഞാന്‍ പ്രധാനമന്ത്രിയോട് മാങ്ങയെപ്പറ്റി ചോദിച്ചത്. പ്രധാനമന്ത്രിക്ക് മാങ്ങ കഴിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്, അദ്ദേഹവും ഒരു സാധാരണ മനുഷ്യനല്ലേ’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഒരു ക്രിക്കറ്റ് ടീം ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍ ആ ടീമിലെ അംഗങ്ങളുടെ ഉത്തരവാദിത്വമാണ്
അദ്ദേഹത്തെ പിന്തുടരുക എന്നത്. അതുപോലെ തന്നെ രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തെ അനുസരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. അതേസമയം താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ വരില്ലെന്നും താരം വ്യക്തമാക്കി.
Discussion about this post