പൗരത്വ നിയമ ഭേദഗതി; അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 60 റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്നാണ് ഹര്‍ജികളില്‍ പ്രധാനമായും ആരോപിക്കുന്നത്.

മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജിയാണ് കോടതി പ്രധാനമായും പരിഗണിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണം എന്ന ആവശ്യം കപില്‍ സിബല്‍ ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹര്‍ജികളില്‍ വാദംകേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച ശേഷമാകും തുടര്‍നടപടികള്‍. ഇത് കൂടാതെ ഹര്‍ജികള്‍ മൂന്നംഗ ബഞ്ച് തന്നെ തുടര്‍ന്നും കേള്‍ക്കണോ ഭരണഘടന ബെഞ്ച് വേണോ എന്നതും തീരുമാനിക്കണം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍), ജയ്‌റാം രമേഷ് (കോണ്‍ഗ്രസ്), രമേശ് ചെന്നിത്തല, ടിഎന്‍ പ്രതാപന്‍, ഡിവൈഎഫ്‌ഐ, ലോക് താന്ത്രിക് യുവജനതാദള്‍, എസ്ഡിപിഐ., ഡിഎംകെ, അസദുദ്ദീന്‍ ഒവൈസി , തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), മഹുവ മോയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്‌സ് അസോസിയേഷന്‍.- തുടങ്ങിയവരാണ് പ്രധാന ഹര്‍ജിക്കാര്‍.

അതിനിടെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. പ്രതിഷേധം മദ്രാസ് യൂണിവേഴ്‌സിറ്റിയിലേക്കും വ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി.

Exit mobile version