ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
അതിനിടെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണമെന്നും റജിസ്ട്രാര്‍ ഉത്തരവിട്ടെങ്കിലും ഇതിന് തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇതോടെ സര്‍വകലാശാല അടച്ചിടാന്‍ തീരുമാനിച്ചു.
ഇത് മറികടന്നും സര്‍വകലാശാലയുടെ ഉള്ളില്‍ കനത്ത പ്രതിഷേധസമരം തുടരുകയാണ്. രാത്രി വൈകിയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്പ്പിച്ചായിരുന്നു സമരം.
മദ്രാസ് ഐഐടിയിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാണ്. പൗരത്വ നിയമഭേദഗതി പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്മാറാന് തയ്യാറല്ലെന്നും ഐഐടി വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്.
പോണ്ടിച്ചേരി സര്‍വകലാശാലയിലും സമരം സജീവമാണ്. ഇന്ന് ക്ലാസുകള്‍ ബഹിഷ്കരിച്ചാണ് പോണ്ടിച്ചേരി സര്‍വകലാശാലയും ജാമിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അടച്ചിട്ടു.
Discussion about this post