ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഒന്‍പത് പാര്‍ട്ടികളുടെ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്. ഉചിതമായ നടപടിയെടുക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന അക്രമസംഭവങ്ങളും ക്രമസമാധാന തകര്‍ച്ചയും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ ക്യമ്പസുകളില്‍ നടക്കുന്ന പോലീസ് അതിക്രമം തടയുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതെസമയം ഒട്ടും അനുകമ്പയില്ലാതെയാണ് ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് ജാമിയ വനിതാ ഹോസ്റ്റലില്‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ വിലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഉദാഹരണം നമുക്ക് മുന്നിലുണ്ട്.
ഈ നിയമംമൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിച്ചു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇനിയും ഇത് വ്യാപിച്ചേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. പ്രതിഷേധത്തില്‍ പോലീസ് ഇടപെട്ട രീതിയില്‍ ഞങ്ങള്‍ക്ക് കഠിനവേദനയുണ്ട് – സോണിയ ഗാന്ധി പറഞ്ഞു.
Discussion about this post