ബംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തതായി യുവതിയുടെ പരാതി. 10 ദിവസത്തിനുള്ളില്‍ തന്നില്‍ നിന്ന് 11 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് ബംഗളൂരു സ്വദേശിയായ യുവതി പറയുന്നു. ഭരതി നഗറില്‍ താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യയാണ് തട്ടിപ്പിന് ഇരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ പേര് ഡാനിയേല്‍ എന്നാണെന്നും ലണ്ടനിലാണ് താമസമെന്നും അറിയിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. 62000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്‌സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കാമെന്ന് ഡാനിയേല്‍ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസര്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിക്കുകയും തനിക്കുള്ള ഗിഫ്റ്റ് ബോക്‌സ് എത്തിയിട്ടുണ്ടെന്നും ഉടന്‍ 55000 രൂപ അടക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം അയച്ചതായും യുവതി വെളിപ്പെടുത്തി.
അടുത്ത ദിവസം ഡാനിയല്‍ വിളിച്ച് 2,25000 രൂപ വീണ്ടും അയക്കാന്‍ പറഞ്ഞു. അതിനു പുറമേ മറ്റൊരു ദിവസം ഗിഫ്റ്റ് 17 കിലോഗ്രാമില്‍ കൂടുതലുള്ളതിനാല്‍ 5,50000 രൂപ കൂടി അയക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഓഫീസര്‍ എന്നു പറഞ്ഞു വിളിച്ചയാള്‍ അറിയിച്ചു. രണ്ടു തവണയും പണം അയച്ചതായും വീണ്ടും ഡാനിയല്‍ വിളിച്ച് 12 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്നും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഡാനിയലിന്റെ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായും യുവതി കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.