ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതി ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതിയായ മുൻബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അതേസമയം, ശിക്ഷ ഉറപ്പായതോടെ ശിക്ഷാ നടപടികളിൽ നിന്നും രക്ഷപ്പെടാനായി സെൻഗാർ നിരത്തിയ വാദങ്ങൾ വലിയ ചർച്ചയാവുകയാണ്.
ഉന്നാവ് പീഡനത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് പരമാവധി ശിക്ഷ നൽകണമെന്നാണ് കേസ് അന്വേഷിച്ച സിബിഐ വാദിച്ചിരിക്കുന്നത്. എന്നാൽ തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് സെൻഗാർ വിചാരണ കോടതിയിൽ അപേക്ഷിക്കുകയായിരുന്നു. സമൂഹത്തിന്റെ ക്ഷേമത്തിന് ദശാബ്ദങ്ങൾ പ്രവർത്തിച്ചയാളാണ് സെൻഗാറെന്നും ശിക്ഷ കണക്കാക്കുമ്പോൾ ഇക്കാര്യം പരിഗണിക്കണമെന്നും ഇയാളുടെ അഭിഭാഷകൻ വാദിച്ചു.
സെൻഗാറിന് പരമാവധി ശിക്ഷ നൽകണമെന്നും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം വിധിക്കണമെന്നും സിബിഐ വിചാരണക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. സെൻഗാറിന്റെ ശിക്ഷയിൻ മേലുളള വാദവും ഡൽഹി തീസ് ഹസാരി കോടതിയിൽ പൂർത്തിയായിട്ടുണ്ട്.