ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് ഹാർവാഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയുണ്ടായ പോലീസ് നടപടിയെ അപലപിച്ച് ഹാർവാഡിലെ നൂറോളം വിദ്യാർത്ഥികൾ ഒപ്പിട്ട തുറന്ന കത്ത് പുറത്തു വിട്ടു. ഡൽഹിയിലെ വിദ്യാർത്ഥികൾക്കു നേരെ ലാത്തിയും കണ്ണീർവാതകവും ഉപയോഗിച്ചു കൊണ്ടുള്ള പോലീസ് ആക്രമണത്തിൽ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നു തുറന്ന കത്തിലൂടെ വിദ്യാർത്ഥികൾ വ്യക്തമാക്കി.
ജാമിയ മിലിയ സർവ്വകലാശാലയിലേയും അലിഗഢ് മുസ്ലിം സർവകലാശാലയിലേയും വിദ്യാർത്ഥികൾക്കാണ് ഹാർവാഡിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അവർ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള കത്തിൽ പറയുന്നു.
‘പ്രതിഷേധങ്ങൾ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം. പക്ഷെ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ഘടന നിലനിർത്താൻ അത് അത്യാവശ്യമാണ്’, വിദ്യാർത്ഥികളുടെ കത്തിൽ പറയുന്നു.