ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാറിനെ താഴെയിറക്കാന്‍ വോട്ടു ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ കാംപെയിന്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് ഇക്കാര്യം ആവശ്യപ്പെടാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് രാജെ സര്‍ക്കാറിനെ താഴെയിറക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും രാജസ്ഥാനില്‍ വികസനം കൊണ്ടുവരുന്നതില്‍ രാജെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അധ്യാപകര്‍ പറയുന്നു.
വസുന്ധരാ രാജെ സര്‍ക്കാര്‍ നാടിനുവേണ്ടി പ്രത്യേകിച്ച് യുവാക്കള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്ന് രാഷ്ട്രീയക്കാരോട് ചോദിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാറുണ്ടെന്നും അധ്യാപകര്‍ പറയുന്നു. രാജസ്ഥാനില്‍ 1.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാജെ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നത്.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പു നടക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചരണം അതിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ ഒന്നുരണ്ടു മാസത്തിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ബിജെപി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ തുടര്‍ച്ചയായി സമരം ചെയ്യുന്നതും പതിവായിരുന്നു.
കഴിഞ്ഞ ഒന്നു രണ്ടുവര്‍ഷത്തിനിടെ 36 സമരങ്ങളും പ്രതിഷേധങ്ങളുമാണ് ഇവിടെയുണ്ടായത്. അതില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയതായിരുന്നു.