ജാമിയ മിലിയ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി മുതലക്കണ്ണീര്‍ ഒഴുക്കുന്നു; നിര്‍മ്മല സീതാരാമന്‍

ജാമിയ മിലിയ ഇസ് ലാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കുറ്റപ്പെടുത്തല്‍.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. സ്വന്തം ജനതയ്ക്ക് എതിരെയാണ് മോഡി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെതിരെയാണ് നിര്‍മ്മല സീതാരാമന്‍ രംഗത്ത് എത്തിയത്.

ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ അക്രമനടപടികളില്‍ പ്രതികരിക്കുകയായിരുന്നു സോണിയ ഗാന്ധി. ജാമിയ മിലിയ ഇസ് ലാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ കുറ്റപ്പെടുത്തല്‍.

കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പ്രതിരോധിച്ചിട്ടില്ലേ എന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ ചോദ്യം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്തല്ലേ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചതെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. അന്ന് പോലീസ് സര്‍വ്വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടേണ്ടി വന്ന കാര്യവും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിനെതിരെ സോണിയയുടെ പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമായി പോയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ സിഖ് വിരുദ്ധ കലാപത്തിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു.

Exit mobile version