ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ അറസ്റ്റില്‍. പിടിയിലായത് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളല്ലെന്നാണ് വിവരം. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് പറയുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആരും അറസ്റ്റിലായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15ന് വൈകുന്നേരം ജാമിയ മിലിയ വിദ്യാര്‍ത്ഥികളും അധ്യാപകരും പാര്‍ലമെന്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് അക്രമങ്ങള്‍ നടന്നത്.
നഗരത്തിന്റെ വിവിധയിടങ്ങളിലായി ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളല്ല അക്രമം നടത്തിയതെന്നും സമാധാനപരമായി നടന്ന പ്രതിഷേധ സമരത്തിനിടെ പുറത്തുനിന്നുള്ള ചിലര്‍ നുഴഞ്ഞുകയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നെന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ചിലര്‍ ബസുകള്‍ക്കുമേല്‍ ഇന്ധനം ഒഴിക്കുന്നതിന്റെയും തീവെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.