ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോഡിസര്‍ക്കാര്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സ്രഷ്ടാവാണെന്നും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ അന്തരീക്ഷം ഉണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നത് വ്യക്തമാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി.
സമാധാനവും ഐക്യവും നിലനിര്‍ത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.
അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാവായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാജ്യത്തെ വിദ്വേഷത്തിന്റെ അഗാധതയിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ അവകാശങ്ങളെ സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിമത്തിനെതിരെ അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ കത്തുകയാണ്. പോലീസ് വെടിവയ്പ്പില്‍ നാല് യുവാക്കളാണ് കൊല്ലപ്പെട്ടത്. അമിത് ഷായ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യമില്ല. സമര രംഗത്തുള്ള വിദ്യാര്‍ത്ഥികളെ തീവ്രവാദികളും നക്സലൈറ്റുകളും വിഘടനവാദികളും ആക്കി മുദ്രകുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ പറഞ്ഞു.
Discussion about this post