രാഹുല്‍ ഗാന്ധിയുടേത് ഇറ്റാലിയന്‍ കണ്ണട, കാര്യങ്ങളൊന്നും മനസ്സിലാകില്ല: അമിത്ഷാ

റാഞ്ചി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാകാത്തതെന്ന് അമിത് ഷാ. കാശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് വരുന്ന യുവാക്കള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാല്‍ രാഹുലിന് ഇതൊന്നും മനസ്സിലാകില്ലന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിമാറി. കാശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ കിരീടമായി. യുപിഎയുടെ 10 വര്‍ഷക്കാലത്ത് പാകിസ്താനില്‍ നിന്ന് പലരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പട്ടാളക്കാരുടെ തലയറുത്തു.

മോഡി പ്രധാനമന്ത്രിയായതോടെ പാകിസ്താന്‍ ഉറിയിലും പുല്‍വാമയിലും അത് ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. മൗനിബാബ സര്‍ക്കാരല്ല, 56 ഇഞ്ച് മോഡി സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഇന്ത്യ മിന്നലാക്രമണം നടത്തി തീവ്രവാദികളെ തുരത്തി.

രാഹുലിന്റെയും ഹേമന്ത് സോറന്റെയും സര്‍ക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

മോഡിയുടെ കരങ്ങളില്‍ ഇന്ത്യ സുരക്ഷിതമാണ്. മോഡിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. രാമജന്മഭൂമി പ്രശ്നം ഇത്രയുംകാലം വെച്ചുനീട്ടിയതിന് അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. നാല് മാസത്തിനുള്ളില്‍ ആകാശംമുട്ടെ ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version