ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി വിധി. ഡൽഹി താസ് ഹസാരി കോടതിയാണ് സെൻഗാർ കുറ്റക്കാരനെന്ന് വിധിച്ചത്. വ്യാഴാഴ്ച കേസിൽ വിധി പറയും.
ഉന്നാവിലെ ജോലി തേടിയെത്തിയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ 2017-ൽ എംഎൽഎയായിരുന്ന സെൻഗാർ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പെൺകുട്ടി പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പോലീസ് പെൺകുട്ടിയും കുടുംബവും സത്യാഗ്രഹവുമായി സെൻഗാറിന് വസതിക്ക് മുന്നിലെത്തിയതോടെയാണ് പരാതി സ്വീകരിച്ചതും സെൻഗാറിനെ അറസ്റ്റ് ചെയ്തതും. പിന്നീട് യുപിയിലെ വിചാരണയിലും പെൺകുട്ടിയുടെ സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി വിചാരണ ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് തീസ് ഹസാരി കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. കൃത്യമായി വാദം കേട്ട കോടതി ഡിസംബർ 10നാണ് വിചാരണ പൂർത്തിയാക്കി. അതിവേഗത്തിലാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കേസിൽ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ശശി സിംഗ് എന്ന പ്രതിയൊഴികെ ബാക്കിയെല്ലാവരും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു.
നിരന്തരം ഭീഷണികൾക്കും അപായപ്പെടുത്തലുകൾക്കും വിധേയയായ പെൺകുട്ടിയും കുടുംബവും നീതിക്ക് വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറായതിന്റെ ഫലമാണ് ഇന്നുണ്ടായ കോടതി വിധി. കേസിന്റെ തുടക്കം മുതൽ ബിജെപി എംഎൽഎയായിരുന്ന സെൻഗാറിനെ സംരക്ഷിക്കുന്ന സമീപനമായിരുന്നു യോഗി സർക്കാരും ബിജെപി നേതൃത്വവും കൈക്കൊണ്ടത്. ഇരയായ പെൺകുട്ടിയെ അപായപ്പെടുത്താനും ശ്രമങ്ങളുണ്ടായി. പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതും ലോക്കപ്പ് മർദ്ദനത്തിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതും ഏറെ വിവാദമായി.
ഇതിനിടെ കേസ് വിചാരണയ്ക്കിടെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചുകയറ്റി പെൺകുട്ടിയേയും കുടുംബത്തേയും അഭിഭാഷകനേയും കൊലപ്പെടുത്താനും ശ്രമവുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയാണ് ജീവൻ രക്ഷിച്ചത്. പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് സെൻഗാറും സഹോദരന്മാരും ആണെന്ന കുടുംബത്തിന്റെ പരാതിയിലും സെൻഗാറിനെ പ്രതി ചേർത്തിട്ടുണ്ട്. ഈ കേസിൽ മറ്റൊരു കോടതിയിൽ വാദം കേൾക്കുന്നത് പുരോഗമിക്കുകയാണ്.
സെൻഗാർ കുറ്റക്കാരനെന്ന് വിധിച്ചതോടെ ബിജെപി നേതൃത്വത്തിന് തന്നെ നാണക്കേടാവുകയാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം വീണ്ടും ചർച്ചയാവുന്നതിനിടെയാണ് ബിജെപി നേതാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.
Discussion about this post