ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. രാജ്യത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ പ്രതിഷേധത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരവും അങ്ങേയറ്റം പരിതാപകരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ ചര്‍ച്ചയും സംവാദവും എതിരഭിപ്രായങ്ങളും ഉയരണം. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കുന്നത് നമ്മുടെ പാരമ്പര്യമല്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ വന്‍ പിന്തുണയോടെയാണ് പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭൂരിപക്ഷം എംപിമാരും നിയമഭേദഗതി പിന്തുണച്ചു. ഒരുമ, അനുകമ്പ, സഹോദര്യം, അംഗീകരിക്കാനുള്ള സന്നദ്ധത തുടങ്ങി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്കാരമാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മോഡി വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി ഇന്ത്യന്‍ പൗരന്മാരെയോ മതവിഭാഗത്തെയോ ബാധിക്കില്ലെന്ന് ഉറപ്പു നല്‍കുകയാണ്. ഒരു ഇന്ത്യന്‍ പൗരനും ഈ നിയമഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യക്ക് പുറത്ത് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുന്നവര്‍ക്കും ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്ന അവസ്ഥയിലുള്ളവര്‍ക്കുമാണ് ഇത് ബാധകമാവുകയെന്നും പ്രധാനമന്ത്രി പറയുന്നു.
രാജ്യത്തിന്റെ വികസനത്തിനും പാവപ്പെട്ടവരുടെയും അധസ്ഥിത വിഭാഗക്കാരുടെയും ഉള്‍പ്പെടെ ഓരോ പൗരന്റെയും വികസനത്തിനായും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനോ തടസം സൃഷ്ടിക്കാനോ സ്ഥാപിത താല്പര്യക്കാരെ അനുവദിക്കില്ലെന്നും നരേന്ദ്രമോഡി അറിയിച്ചു.
Discussion about this post