ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീംകോടതി. ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ സുപ്രീംകോടതി ഇടപടലാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശസംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. അതെസമയം പ്രതിഷേധം ഇനിയും തുടര്‍ന്നാല്‍ കേസ് നാളെ പരിഗണിക്കാമെന്ന തീരുമാനം മാറ്റുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി.
ജാമിയ മിലിയയിലെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു മനുഷ്യാവകാശ സംഘടനയ്ക്കു വേണ്ടി ഹാജരായ ഇന്ദിര ജെയ്‌സിങ്ങിന്റെ ആവശ്യം. സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കോലിന്‍ ഗോണ്‍സാല്‍വസും ജാമിയ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിച്ചു. ജാമിയയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കാണേണ്ടതുണ്ടെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് വ്യക്തമാക്കി. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നാല്‍ നാളെ ഇതൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.