പ്രതിഷേധം ശക്തമാവുന്നു; അലിഗഢ് സര്‍വ്വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി

ലഖ്‌നൗ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വ്വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി. ക്യാമ്പസ് ഒഴിപ്പിച്ച് വിദ്യാര്‍ഥികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞുവിടുമെന്നും പോലീസ് മേധാവി പറഞ്ഞു.

അലിഗഢ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പോലീസും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഒഴിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം പോലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസും വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് പോലിസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പോലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.

വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണമെന്നും പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അലിഗഢ് ക്യാമ്പസില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Exit mobile version