ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ജാമിയ മിലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായാണ് നേരിട്ടതെന്നും നജ്മ അക്തര്‍ പറഞ്ഞു.
അതേസമയം ഈ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ലെന്നും ജാമിയ മിലിയ സര്‍വകലാശാല മുഴുവനും അവര്‍ക്കൊപ്പം ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നുമാണ് സര്‍വകലാശാല പുറത്തുവിട്ട വീഡിയോയില്‍ വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രദേശവാസികളായ ചിലരും പങ്കെടുത്തിരുന്നു. ഇവര്‍ അക്രമം അഴിച്ചുവിടുകയും പത്തോളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അക്രമകാരികള്‍ സര്‍വകലാശാലയില്‍ കടന്നെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അനുവാദം കൂടാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രംഗത്ത് എത്തി. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പുലര്‍ച്ചെ നാല് മണി വരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അതേസമയം സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് അടുത്ത മാസം അഞ്ചാം തീയതി വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post