ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള താക്കീതാണ്. പ്രതിഷേധ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പൗരത്വ ബില്ലിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം വന്‍ തെരുവുയുദ്ധമായി മാറിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും
സര്‍വകലാശാലയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹി പോലീസ് ആസ്ഥാനം വളഞ്ഞു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 67 വിദ്യാര്‍ത്ഥികളെ പുലര്‍ച്ചെയോടെ പോലീസ് വിട്ടയച്ചു. ഇതോടെ ഒമ്പതു മണിക്കൂര്‍ നീണ്ട വിദ്യാര്‍ത്ഥികളുടെ പോലീസ് ആസ്ഥാനം ഉപരോധം അവസാനിപ്പിച്ചു. അതെസമയം പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post