അലിഗഢ്: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുന്ന ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് പുറമേ സംഘര്‍ഷഭരിതമായി അലിഗഢ് സര്‍വകലാശാലയും. സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് – എ – സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളും പോലീസും ഏറ്റുമുട്ടി.
പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പോലീസ് ആരോപിക്കുന്നത്.
ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉപരോധിക്കുകയാണ്.
ജാമിയ മിലിയക്ക് പിന്തുണയുമായാണ് അലിഗഢിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതിനിടെയാണ് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേരെയും പോലീസ് അത്രികമം നടന്നിരുന്നു. പോലീസ് സര്‍വകലാശാല കാമ്പസിനകത്ത് കയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ബസ്സുകള്‍ കത്തിക്കപ്പെട്ടു. ഒരു ബസ്സ് തകര്‍ത്തു. അഗ്‌നിശമനസേനയുടേതടക്കം ആറ് വാഹനങ്ങളും തീ വച്ചു. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വന്‍ സംഘര്‍ഷവും ഏറ്റുമുട്ടലുമാണ് നടന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ക്കും പരിക്കേറ്റു. പൊലീസ് സര്‍വകലാശാലയ്ക്ക് അകത്തേക്ക് വെടിവച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു.