ബംഗളൂരു: ഉള്ളി വില നിയന്ത്രണമില്ലാതെ കുതിച്ചുയര്‍ന്നത് രാജ്യത്തെ ജനങ്ങളെ ഒന്നാകെ ബാധിച്ചിരുന്നു. വിദേശത്തുനിന്നും ഉള്ളി ഇറക്കുമതി ചെയ്താണ് വില അല്പമെങ്കിലും നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ഉള്ളി വില കുതിച്ചുയര്‍ന്നപ്പോള്‍ കോടീശ്വരനായ കര്‍ഷകനാണ് സോഷ്യല്‍ലോകത്ത് താരമാകുന്നത്.
കര്‍ണാടക ചിത്രദുര്‍ഗയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് ആ ഭാഗ്യവാന്‍. പലപ്പോഴും വിളകള്‍ക്ക് കര്‍ഷകര്‍ക്ക് തുച്ഛമായ വിലയാണ് കിട്ടാറുള്ളത്. ഏറെ പ്രതീക്ഷയോടെ കൃഷി ഇറക്കുമ്പോഴും പലര്‍ക്കും കടക്കെണിയാണ് ബാക്കിയാവാറുള്ളത്.
മല്ലികാര്‍ജുന ഒരു മാസം മുമ്പ് വായ്പയെടുത്ത് കൃഷി ഇറക്കി കടക്കെണിയില്‍ വലയുന്നതിനിടെയാണ് ഉള്ളിയ്ക്ക് റെക്കോര്‍ഡ് വിലയായത്. വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി. വീണ്ടും ബാങ്ക് ലോണെടുത്ത് ഉള്ളി കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിളകൂടി നശിച്ചാല്‍ ജീവനൊടുക്കേണ്ടി വരുമായിരുന്നു.
എന്നാല്‍, റോക്കറ്റ് പോലെ കുതിച്ച ഉള്ളിവില ജീവിതം മാറ്റിമറിക്കുകയായിരുന്നു. ഉള്ളി കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു കോടിയിലേറെയാണ് ലാഭം കിട്ടിയത്.
കടമെല്ലാം വീട്ടി വീടു പണിയണം. കൃഷി വ്യാപിപ്പിക്കുന്നതിനായി കുറച്ച് ഭൂമിയും വാങ്ങണമെന്നും നിറഞ്ഞ സന്തോഷത്തോടെ മല്ലികാര്‍ജുന പറഞ്ഞു.