കൊല്‍ക്കത്ത: സംസ്ഥാനം കത്തിയെരിയുമ്പോള്‍ ബംഗാള്‍ സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണെന്ന വിമര്‍ശനവുമായി ബിജെപി. കൂടാതെ ഇനിയും അക്രമം തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറയുന്നു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ആസാമില്‍ നടക്കുന്നത്. ഇതിനു പുറമെയാണ് ബംഗാളും വന്‍ തോതില്‍ പ്രതിഷേധ പ്രകടനത്തിന് ഇറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് രാഹുല്‍ സിന്‍ഹ ആരോപിച്ചു.
സ്ഥിതിഗതികള്‍ ഇത്തരത്തില്‍ എത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന നയങ്ങളാണെന്നും നേതാവ് വിമര്‍ശിക്കുന്നു. അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ മമത ബാനര്‍ജി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ അത് ഏര്‍പ്പെടുത്താന്‍ ബിജെപിക്ക് ആവശ്യപ്പെടേണ്ടിവരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മമത പ്രസംഗങ്ങളിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം വിഭാഗങ്ങളല്ല അക്രമം നടത്തുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്ക്കെല്ലാം പിന്നില്‍. അക്രമം നടത്തരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.